Wednesday 31 March 2010

അനിയന്‍


ഇതിനെ അനുഭവത്തിന്റെ ലേബലില്‍ ഇടാമോ എന്നറിയില്ല.. എന്റെ അനിയനെ കുറിച്ചാണു.. ഒരു വയസിന്റെ വ്യത്യാസത്തില്‍ എന്റെ ജീവിത്തിലേക്കു വന്ന എന്റ് അനിയന്‍. കുഞിലേ തന്നെ അവനു എന്നെ ഒരുപാടു ഇഷ്ടമാണു.. എന്തു കിട്ടിയാലും ഒരു പങ്കു എനിക്കു മാറ്റി വെക്കും.. അടി ഉണ്ടാക്കുമ്പോഴും മറ്റും അവന്‍ തോറ്റു തരും.. ഒരു പാവം കുട്ടി.. ആരേലും ഒച്ചയെടുത്താല്‍ പതുങ്ങുന്ന സ്വഭാവം. എന്നെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കാനയച്ചപ്പോ അവന്‍ മലയാളം മീഡിയത്തില്‍...അതിലും അവനു ഒരു പരാതിയും ഇല്ല..
അവനെ ഞാന്‍ ഒത്തിരി കളിയാക്കുമായിരുന്നു.. അവന്റെ ഗവര്‍ണ്മെന്റ് സ്കൂള്‍ എന്തിനു കൊള്ളാം.. നിന്റെ കൂട്ടൊക്കെ പീക്കിരി പിള്ളാരല്ലേ എന്നൊക്കെ പറയുമ്പോഴും അവന്‍ തിരിച്ചു അധികം പ്രതികരിക്കില്ലയിരുന്നു.. അവനെ ദേഷ്യം പിടിപ്പിക്കാന്‍ ഞാന്‍ നല്ലോണം ശ്രമിക്കുമായിരുന്നു.
പ്ലസ് ടു കഴിഞ്ഞു ഞാന്‍ മന:ശാസ്ത്രം പഠിക്കാന്‍ ( ചുമ്മാ വെറുതേ).. സെകന്‍ഡ് ഇയര്‍ ആയപ്പോ അവന്‍ എന്റെ കോളേജില്‍ തന്നെ എന്റെ ജുനിയര്‍ ആയി ചേര്‍ന്നു.. ആ ഇടക്കു അച്ഛന് ഒരുപാടു സാമ്പതിക പ്രശ്നങ്ങള്‍.. കടം എവിടെ നിന്നൊക്കയോ.. വരുമാനം നിലച്ചു.. ഞങ്ങള്‍ രണ്ടു പേര്‍ പഠിക്കുന്നു വീട്ടു വാടക.. മറ്റു ചിലവുകള്‍.. കടം കൂടിക്കൊണ്ടേയിരുന്നു..

ഒരു പാവത്തിനെ പോലെ പതുങ്ങിയിരുന്ന എന്റെ അനിയന്റെ വേറെ ഒരു മുഖം കണ്ടു ഞങ്ങള്‍.. പതിനെട്ടു വയസുകാരന്റെ ചുമലില്‍ കുടുംബ ഭാരം എന്നൊക്കെ കേട്ടിട്ടെ ഉണ്ടായിരുന്നുള്ളൂ... അതു കണ്ടറ്ഞ്ഞു..
രാവിലെ അഞ്ചു മണിക്കു പത്രം ഇടാന്‍ പോകും.. പിന്നെ സ്കൂള്‍ കുട്ടികളെ വിടുന്ന വാനില്‍ സഹായി ആയി പോകും, പിന്നെ കോളേജ്.. അതിനു ശേഷം എന്തൊക്കയൊ പണികള്.. അവന്‍ ആളാകെ മാറി.. വീട്ടു ചിലവുകള്‍.. ഞങ്ങള്‍ രണ്ടു പേരുടെ പഠിത്തം എല്ലാം അവന്റെ ചുമലില്‍.. പിന്നീടുള്ള അഞ്ചു വര്‍ഷം അവന്‍ എം ബി എ എടുത്തു, എന്നെ കെട്ടിച്ചു വിട്ടു.. അവന്റെ പ്രായത്തിലുള്ള പലരും കളിച്ചു നടക്കുമ്പോള്‍ ..ഇതിനിടക്കു ഒരു കുഞ്ഞു പ്രണയവും ക്ലാസിലെ സുന്ദരികുട്ടിയുടെ പുറകേ നടന്നപ്പൊ എല്ലാരും പറഞ്ഞു വേണ്ട മോനെ എന്നു അവന്‍ കേട്ടില്ല അവനു ഉറപ്പായിരുന്നു.. അവളാണു അവന്റെ ആളെന്നു..
ഇപ്പോ കക്ഷി ദുബായിലാണു.. അവന്റെ കല്യാണ നിശ്ചയം കഴിഞ്ഞു കേട്ടോ.. ഫോട്ടോ ദേ മുകളിള്‍..







Tuesday 23 March 2010

റിസള്‍ട്ട്

ഏട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു.. പ്രീഡിഗ്രി വേര്‍പെടുത്തി അധികം രണ്ടു ആക്കിയ ടൈം.. പത്തുവരെ മിക്സെഡ് സ്കൂളില്‍ പടിച്ച് പ്ലസ്ടു വിനു ഗേള്‍സ് സ്കൂളില്‍ പോകേണ്ടി വന്ന ഒരു ഹതഭാഗ്യ ആയിരുന്നു ഞാന്‍... രണ്ടു കി മി ചുറ്റളവില്‍ എങ്ങും ഒരു ബോയ് സ്കൂള്‍ പോലും ഇല്ലാതെ, വായ്നോക്കാന്‍ ഒരു നരുന്തു ചെക്കനെ പോലും കിട്ടാതെ വിഷമിച്ചു കഴിഞിരുന്ന ടൈം. ( ഇപ്പൊ ആ 2 കി മി ചുറ്റളവില്‍ 4 ബോയ്സ് സ്കൂളുകള്‍ ഉണ്ടു)

വിശാലമായ ഗ്രൌണ്ടും മറ്റും ആയതിനാല്‍ സകലമാന പരിപാടികള്‍ക്കും സ്ഥിരം വേദി ആയിരുന്നു സ്കൂള്‍.. എന്‍.എസ്.എസ് വോളന്റിയര്‍, ക്ലാസ് ലീഡര്‍ തുടങ്ങിയ പദവികള്‍ അലങ്കരിക്കുന്ന ഞാന്‍ ( പിള്ളാരുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ ) സകല മാന പരിപാടികള്‍ക്കും മുന്നില്‍ ഞെളിഞു നില്‍ക്കും, ബാഡ്ജ് ഒക്കെ ഫിറ്റ് ചെയ്തു നടക്കുന്നതു തന്നെ ഒരു ഗമ ആയിരുന്നു.

യൂത്ത് ഫെസ്റ്റിവലില്‍ സകലമാന ഐറ്റത്തിനും ചേരുകയും.. പ്രാക്ടീസ് എന്നും പറഞു ക്ലാസ് കട്ട് ചെയ്തു ആഡിറ്റോറിയത്തില്‍ പോയ് ഇരുന്നു കത്തി വെക്കുന്നതിലും കിട്ടുന്ന സുഖം അതു അനുഭവിച്ചവര്‍ക്കേ അറിയൂ... ഇതൊക്കെ ആണേലും പഠിത്തം ഒരു സൈഡ് ബിസിനസ് ആയ് നടത്തുന്നുന്ടായിരുന്നു..

സംഭവബഹുലമായ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം പരീക്ഷ വന്നെത്തി.. എപ്പോഴും ചെയ്യുന്ന പോലെ ഒരു വര്‍ഷം പഠിപ്പിച്ച കാര്യങ്ങള്‍ ഒരു മാസം കൊണ്ടു പഠിച്ചു എന്നു വരുത്തി മിടുക്കിയായ് പരീക്ഷ എഴുതി.. പിന്നെ കോളേജ് ലൈഫ് സ്വപ്നം കണ്ടുള്ള കാത്തിരുപ്പ്.. ഹോ

എന്തു വന്നാലും മിക്സെഡ് കോളെജിലേ ചേരു എന്ന എന്റെ നയം ഞാന്‍ ആദ്യമേ പിതാശ്രീയോടു വ്യക്തമാക്കി.. എഞ്ചിനിയറും ഡോക്ടറുമാകനുള്ള ബുദ്ധി ഒന്നും എനിക്കില്ലാന്നു എനിക്കുമാത്രമല്ല അയലത്തെ പട്ടിക്കു വരെ അറിയാമായിരുന്നു.. സൊ മാര്‍ ഇവാനിയോസ്, യുണിവേര്‍സിറ്റി, ആര്‍ട്സ്, എം ജി തുടങ്ങിയ മിക്സ്ഡ് കലാലയങ്ങള്‍ സ്വപ്നം കണ്ടു ഞാന്‍ നാളുകള്‍ നീക്കി..
റിസല്‍ട്ടിനു വേണ്ടിയുള്ള കാത്തിരുപ്പു... ഒടുവില്‍ ആ സുദിനം വന്നെത്തി.. റിസല്‍ട് അനൌണ്‍സ്മെന്റ്..

പത്രം ഓഫീസുകളുമായ് ബന്ധപെട്ടാല്‍ പ്രഖ്യാപനത്തിന്റെ അന്നു തന്നെ റിസല്‍ട് അറിയാന്‍ കഴിയും.. അങ്ങിനെ എന്റെ റിസല്‍ട് അറിയാന്‍ പിതാശ്രീയും അനിയനും രണ്ടു വഴിക്കു പുറപെട്ടു.. വൈകുന്നേരം ആയിട്ടും ഒരു വിവരവും ഇല്ല.. ഒടുവില്‍ ആ ഞെട്ടിപ്പിക്കുന്ന് ആ വിവരം എത്തി.. ഞാന്‍ പന്ത്രണ്ടില്‍ പൊട്ടി.. :( :( എന്റെ നംബര്‍ മാത്രം ലിസ്റ്റില്‍ ഇല്ല..

എന്തോ എനിക്ക് ആ സത്യം അംഗീകരിക്കുവാന്‍ തോന്നിയില്ല.. ഇമ്പോസിബിള്‍.. പ്രാക്ടിക്കലിനൊക്കെ നല്ല മാര്‍ക്ക് ഉണ്ടു...എങ്ങനെ നോക്കിയാലും ഒരു 60-70 റേഞ്ചിലൊക്കെ മാര്‍ക്കു കിട്ടാനും മാത്രം ഞാന്‍ എഴുതിയിട്ടുണ്ടു.. ദു:ഖം സഹിക്കാന്‍ വയ്യാതെ പിതാശ്രി രണ്ടെണ്ണം വീശി വന്നു സെന്റി അടിച്ചു ഇരുപ്പായ് (ഇനി ഇവളെ കെട്ടിക്കാനല്ലാതെ എന്തിനു കൊള്ളാം, അതായിരുന്നിരിക്കണം മനസില്‍, ഒപ്പം കല്യാണ ചിലവും). അമ്മ ഇരുന്നു കരയണോ .. കിടന്നു കരയണോ എന്ന കണ്‍ഫ്യുഷനില്‍.. അനിയന്‍ നിര്‍വികാരന്‍. ബന്ധുക്കളൊക്കെ അന്വേഷിച്ചു വന്നു.. എന്നെ നോക്കി മൂക്കത്തു വിരള്‍ വെച്ചു.. പത്തില്‍ തോറ്റ മകളുള്ള ഒരു ആന്റി ഇത്തിരി സന്തോഷത്തോടെ അമ്മയോടു പറയുവാ.. “അവനവനു വരുമ്പോള്‍ അറിയാമെന്നു”.. അതു കേട്ടപ്പൊ എന്റെ പാവം ആമ്മേടെ കണ്ണു അറിയാതെ നിറഞു.. ഠിം പിന്നെ എനിക്ക് ഒന്നും ഓര്‍മ്മയില്ല.. ദേ കിടക്കണു ധിം തരികിട തോം.. (ബോധം കെട്ടു വീണതാ ഞാന്‍) പിന്നെ മുഖത്തു വെള്ളം തളിക്കല്‍.. വീശല്‍ തുടങ്ങിയ കലാപരിപാടികള്‍

അടുരിന്റെ സിനിമ പോലെ ആയി വീട്.. വല്യ ബഹളം ഒന്നും ഇല്ല.. എന്നെ എങ്ങാ‍നും പിടിച്ചു കെട്ടിക്കുമോ.. ഒരു കലാലയ പ്രണയം പോലും ഇല്ലാതെ ഏതേലും മഷ്കൊണാപ്പനെ ഞാന്‍ കെട്ടേണ്ടി വരുമോ എന്നൊക്കയായ് എന്റെ ചിന്തകള്‍...

അങ്ങിനെയൊന്നും ഞാന്‍ തോല്‍ക്കില്ല എന്ന ഉറപ്പുണ്ടായിട്ടോ എന്തോ ചിറ്റപ്പന്‍ ഡയറക്ടറേറ്റില്‍ കയറി ഇറങ്ങി.. ഒടുവില്‍ സത്യം വെളിയില്‍ വന്നു.. ഡാറ്റാ എന്ഡ്രി ഓപറേറ്റ്ര്ക്കു പറ്റിയ തെറ്റു.. ഞാന്‍ മികച്ച വിജയം കൈവരിച്ചിരിക്കുന്നു... മോള്‍ ജയിച്ച സന്തോഷത്തില്‍ പിതാശ്രീ നാലെണ്ണം കൂടി വീശി.. അമ്മ മറ്റേ ആന്റിയെ തിരക്കി ഓടി ... അനിയന്‍ തുള്ളി ചാടി..ആള്‍ ഈസ് വെല്‍..

ഇപ്പൊ തമാശ തോന്നുന്നുവെങ്കിലും അന്നു മനസു വല്ലതെ സങ്കടപെട്ടിരുന്നു...

Tuesday 16 March 2010

പൂച്ച

(പാസ്റ്റ് ടെന്‍സ്) പൂച്ച, പട്ടി തുടങ്ങിയ ജീവികളെ പണ്ടേ വീട്ടില്‍ കേറ്റില്ല. അമ്മക്കും അമ്മുമ്മക്കും എന്തൊ അലര്‍ജി ആണു. ഒരു കുഞ്ഞു പൂച്ച എങ്ങാനും വീട്ടില്‍ കേറിയാല്‍ തീര്‍ന്നു. ആന്നു പിന്നെ അമ്മുമ്മ വെള്ളം കുടിക്കില്ല.പട്ടിയോടും ഒക്കെ ഏറെ കുറേ ഇതേ മനോഭാവം തന്നെ ആയിരുന്നു..അങ്ങനെ പൂച്ചയെ വളര്‍ത്താം എന്ന എന്റെ ആഗ്രഹം ഒരു വിദൂര സ്വപ്നം ആയി തീര്‍ന്നു....

കുറെ നാളായി മോള്‍ക്കു ( നാം തന്നയാണു താരം ) കല്യണാലോച തുടങ്ങിയിട്ടു..പാപ ജാതകം..അതും ഞാന്‍ ചെയ്യാത്തപാപം.. 2.5 പാപം 3.5പാപം അങ്ങിനെ കുറെ റീസണ്‍സ്.. ഒന്നും അങ്ങുട് ശരി ആകുന്നില്ല....ജ്യോത്സ്യന്‍മാരെയൊക്കെ പ്രാകി പ്രാകി എന്റെ നാവിന്റെ ടെംബര്‍ നഷ്ട്പെട്ട് ടൈം..

അങ്ങിനെ ഇരിക്കെ അതാ വരുന്നു നമ്മുടെ ഹീറൊയിന്‍... kurinji@poocha.com... സുന്ദരി... ചാരം കലര്‍ന്ന വെളുപ്പു നിറം.. കുഞ്ഞി കണ്ണുകള്‍.. ഒരു തക്കുടു പൂച്ച..

ആസ് യൂഷ്വല്‍ ... പൂച്ചയെ ഇറക്കി വിടും... അതും പ്രതീക്ഷിച്ചു ഞാന്‍ ഇരുന്നു.. ബട്ട് ഊശ്മളമായ വരവേല്‍പ്പ്.. അതും പൂച്ച്ക്കു... വിശ്വസിക്കാന്‍ പറ്റിയില്ല.. പൂച്ച്ക്കു പ്രിയം പാലല്ലേ.. അതോ പാല്‍ പായസവോ..ടിസ്കഷന്‍.. ഒടുവില്‍ പാലാണു എന്ന നിഗമനത്തില്‍ എത്തി.. പാലു വാങ്ങാന്‍ ആരോ ഓടി... പാല്‍ ഇനി പൂച്ച കുടിക്കുമോ.. അതോ വേറെ എന്തെങ്കിലും വേണ്ടി വരുമോ.... എന്തായാലും പൂച്ച പാല്‍ കുടിച്ചു ... കുടിക്കുമ്പോഴും പൂച്ചയുടെ മുഖത്ത് ഒരു അവിശ്വാസ പ്രമേയം പാസ്‌ ആകുന്നുണ്ടായിരുന്നു .. എന്റെ മുഖത്തും..

'' പൂച്ച വന്നു കയറിയാല്‍ കല്യാണം... ആ വീട്ടില്‍ കല്യാണം നടക്കും" ഇതാണ് പൂച്ചക്ക് ഇപ്പൊ കിട്ടുന്ന പ്രത്യേക പരിഗണനക്ക് കാരണം. ഹി ഹി.. കൊള്ളാം
വീട്ടില്‍ വിപ്ലവകരമായ മാറ്റമാണ് പിന്നീട് ദൃശ്യമായത് .. പൂച്ച ടിവി കാണുന്നു, ഒണ്‍ളി പാല്‍ കുടിക്കുന്നു ( ചായ കുടിച്ചാല്‍ പൂച്ച കറുത്തു പോയാലോ ).. വറുത്ത മീന്‍ കഴിക്കുന്നു.. അതും എനിക്ക് കഴിക്കാന്‍ വേണ്ടി അമ്മ എന്നും മാറ്റി വെക്കാറുള്ള മീന്‍ കഷ്ണങ്ങള്‍.. (നല്ല ചെക്കനെ കിട്ടാനല്ലേ എന്നു കരുതി ഞാ‍ന്‍ എല്ലാം സഹിച്ചു).. ഒടുവില്‍ പൂച്ച വന്നിട്ടാണോ എന്നറിയില്ല എല്ലാം ചേര്‍ന്ന ഒരു ആലോചന വന്നു.. പൂച്ചക്കു രാജയോഗം.. ഹോ.. ചിക്കെന്‍ ഫ്രൈ.. ബീഫ് ഉലര്‍ത്തിയതു യ്യോ... ജനിക്കുവാണേല്‍ കല്യാണ പ്രായത്തിലുള്ള പെണ്‍പിള്ളാരുള്ള വീട്ടില്‍ പൂച്ചയായ് ജനിക്കണം..ഒടുവില്‍ പൂച്ച കൊണ്ടു വന്ന ഭാഗ്യം .. ഒരു നിര്‍ഭഗ്യവാന്റെ ജീവിതം മാറ്റി മറിച്ചു.. ആ പാവത്തിനു എന്നെ കെട്ടേണ്ടി വന്നു... പ്രൈസ് ദി ലോര്‍ഡ് എന്നു പറയുന്ന പോലെ എല്ലാരും പറഞ്ഞു.. പ്രൈസ് ദി ക്യാറ്റ്..
വിരുന്നിനു വന്ന ഞാന്‍ കണ്ട സീന്‍.. ചായ കുടിക്കുന്ന പൂച്ച.. (പൂച്ച മുന്‍പു ചായ കുടിക്കാറെ ഇല്ല ).. കാബേജ് തോരന്‍ കഴിക്കുന്ന പൂച്ച... അണ്‍ ബിലീവബള്‍.. കാരണം ഇപ്പോ കുറിഞ്ഞിയെ ആരും മൈന്‍ഡ് ചെയ്യുന്നില്ല.. ഞാനും മൈന്‍ഡു ചെയ്തില്ല.. പതുക്കെ പതുക്കെ പൂച്ച നോട്ടീസ് പീരീഡില്‍ നില്‍കുന്ന സോഫ്റ്റ്വെയര്‍ എന്‍ജിനിയരിനെ പോലെ ആയി.. ആരും വലുതായ് മൈന്‍ഡ് ചെയ്യുന്നില്ല... കട്ടിലില്‍ നിന്നും മേശയിലേക്കും.. അവിടെ നിന്നും നിലത്തേക്കും.. നിലത്തു നിന്നും പടിക്കു പുറത്തേക്കുമായ് പൂച്ചയുടെ സ്ഥാനം ... ഈ പോസ്റ്റ് ഞാന്‍ എഴുതാന്‍ തുടങ്ങുമ്പോള്‍, പൂച്ചയുടെ കരച്ചില്‍ കേട്ടു.. അമ്മ (സ്നേഹവതിയാ‍യ എന്റെ മാതാശ്രീ) പൂച്ചയെ തൂക്കി എടുത്തു വെളിയില്‍ കളയുന്ന രംഗം ആണു എന്റെ മുന്നില്‍ അരങ്ങേറുന്നതു...

പാലം കടക്കുവോളം നാരായണ...